"മമ ധർമ്മ " എന്താണ് ?

മമ ധർമ്മ സേവന വിഭാഗം അതിന്റെ ധാർമ്മിക - സേവന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിടുന്നു. യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ ക്ലാസുകളും"മമ ധർമ്മ " സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളും കഴിഞ്ഞ രണ്ടു വർഷ കാലമായി നടത്തിവരികയാണ്.


മാനവന്റെ ശാരീരിക- മാനസിക- ബൗദ്ധിക- ആത്മീയ വികാസത്തിനുള്ള സമഗ്ര പദ്ധതിയാണ് യോഗ വിദ്യ. ഭാരതത്തിലുൽഭവിച്ച് ലോകമെങ്ങും പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഈ മഹാ ശാസ്ത്രം ജാതി - മത - വർഗ- വർണ - ലിംഗ - രാഷ്ട്ര ഭേദമന്യേ ഏതൊരു മനുഷ്യനും ജീവിതത്തിൽ അനുഷ്ഠിക്കാവുന്ന ഒരു പരിശീലന പദ്ധതിയാണ്. വ്യക്തികളിൽ ശാന്തിയും, സമാധാനവും, സന്തോഷവും നിറയ്ക്കുക. ഒപ്പം ആരോഗ്യ പൂർണമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതാണ് യോഗശാസ്ത്രത്തിൻ്റെ ലക്ഷ്യം.


കഴിഞ്ഞ കുറെയേറെ വർഷങ്ങളായി കേരളത്തിലെമ്പാടും വീടുകൾ, ഫ്ലാറ്റുകൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി തികച്ചും സൗജന്യമായി യോഗശാസ്ത്രത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് യോഗോപാസന കേന്ദ്രം. 'ഓരോ വ്യക്തികളിലും, കുടുംബങ്ങളിലും യോഗവിദ്യയുടെ പ്രശാന്ത സുന്ദരമായ പുതുവെളിച്ചം പകർന്നു കൊടുക്കുക ' എന്നതാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പം തന്നെ സമൂഹത്തിൽ നമ്മളാൽ കഴിയാവുന്ന വിധത്തിലുള്ള സേവന പ്രവർത്തനങ്ങൾ നടത്തുക എന്നതും നമ്മുടെ കർത്തവ്യമാണ്. അതിൻ്റെ ആദ്യപടിയാണ് യോഗോപാസന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ 28.8.2020 ൽ തുടക്കം കുറിച്ച "മമ ധർമ്മ" വിഭാഗം. "അന്നപൂർണ, മൃതസഞ്ജീവനി, വിദ്യാ ശ്രീ " എന്നീ മൂന്ന് പ്രവർത്തന പദ്ധതികളിലൂടെയാണ് ഈ സേവന പ്രവർത്തനങ്ങളെ നാം കൂട്ടിയിണക്കുന്നത്.


'മാനവ സേവ മാധവ സേവ' യെന്ന വാക്യം നാം ഏവരും കേട്ടിരിക്കും. നാം ജീവിക്കുന്ന സമാജത്തിലുള്ള പാവപ്പെട്ടവരും, നിരാലംബരും, രോഗികളും, ദാരിദ്രമനുഭവിക്കുന്നവരുമായ സമൂഹത്തോട് നമ്മളാൽ കഴിയാവുന്ന വിധത്തിൽ സേവനം ചെയ്ത്, ദു:ഖ നിവാരണത്തിനുള്ള പരിശ്രമം ചെയ്യുക എന്നതാണ് ആ മഹാകർമ്മം. 'അത് സഹായമല്ല, സഹജീവികളോട് നാം ചെയ്യേണ്ട കടമയാണ് ' . നിത്യ അന്നത്തിന് വിഷമിക്കുന്ന നമ്മുടെ നിരവധി സഹോദരങ്ങൾക്ക് അവശ്യ ഘട്ടങ്ങളിലും മറ്റും ഭക്ഷണമൊരുക്കാൻ ' അന്നപൂർണ്ണ ' എന്ന പദ്ധതിയിലൂടെ നാം പച്ചക്കറി - ഭക്ഷധാന്യ കിറ്റുകൾ വിതരണം ചെയ്യുകയാണ്. അതോടൊപ്പം തന്നെ പാവപ്പെട്ട രോഗികളുടെ ചികിൽസയ്ക്കായി നാം രൂപീകരിച്ചിരിക്കുന്ന ' ' മൃതസഞ്ജീവനി ' പദ്ധതിയിലുൾപ്പെടുത്തി അത്യാവശ്യ മരുന്നുകൾക്കായുള്ള ധന സഹായവും, ഒപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ ലഭ്യമാക്കുന്ന ' വിദ്യാ ശ്രീ ' എന്നീ പദ്ധതികളും മമ ധർമ്മയ്ക്ക് കീഴിൽ നടപ്പിലാക്കി വരുന്നു.














Comments

Popular posts from this blog

മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി

മമ ധർമ്മയുടെ വിഷു കൈനീട്ടം

മമ ധർമ്മ : ഓണക്കാല സേവാ പ്രവർത്തനങ്ങൾ